Tuesday, November 22, 2016

ഒറ്റയാന്‍ ------------ വെളിച്ചത്തില്‍ ഒളിക്കുന്ന ഇരുട്ടും.. ഇരുട്ടില്‍ ഒളിക്കുന്ന വെളിച്ചവും..

Tuesday, November 8, 2016

Law of Survival

The last man on earth,ate his shadow's heart;to survive

മൃഗീയം

ഒരു നിയമമോ ഭരണഘടനയോ ഇല്ലാതെയും പരസ്പരം നീതിപ്പൂര്‍വ്വം ജീവിക്കുന്ന മൃഗങ്ങളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു..
ഇന്ന്‍ നമ്മളൊക്കെ..

https://twitter.com/swalihbinomar/status/794151520405110784

Monday, November 7, 2016

യൂദാസ്

യേശുവിനെ ക്രൂശിച്ചതില്‍ മനംനൊന്ത യൂദാസ് ആ മുപ്പതുവെള്ളികാശ് തിരിച്ചുകൊടുക്കുകയും..ആത്മഹത്യ ചെയ്യുകയും ചെയ്തു.!

https://twitter.com/swalihbinomar/status/795655424443699205

മതത്തിന്‍റെ ശാസ്ത്രം

'ഹൃദയം' വിശാലമാക്കി മനസ്സ് നന്നാക്കാന്‍ നമ്മളെ മതങ്ങള്‍ പഠിപ്പിച്ചപ്പോള്‍..
'തലച്ചോറില്‍'നിന്നാണ് ചിന്തകളും തീരുമാനങ്ങളും എന്ന് ശാസ്ത്രം പഠിപ്പിച്ചു!
https://twitter.com/swalihbinomar/status/795648934882385920

Sunday, November 6, 2016

മതമില്ലാസംസ്കാരം

മതമില്ലാ മതനിയമങ്ങളില്ലാ എന്ന് പറയുന്നവര്‍ പോലും അതൊക്കെ അനുസരിച്ചു തന്നെയാണ് ജീവിക്കുന്നത്.! അവരതിനെ 'സംസ്കാരം' എന്നാണ് വിളിക്കുന്നത്.!

സ്വപ്നങ്ങള്‍

തൊട്ടടുത്ത് കിടന്നുറങ്ങുന്നവരുടെ കണ്ണിലെ സ്വപ്‌നങ്ങള്‍ പോലും നമ്മളറിയാത്തതാകുമ്പോള്‍...നമുക്കെങ്ങനെ മരണാനന്തര ജീവിതത്തെ നിഷേധിക്കാനാക്കുന്നത്?

മരണത്തിനപ്പുറമുള്ളത്.. ഒരു പക്ഷേ.. സുദീര്‍ഘമായ ഒരു സ്വപ്നമാകാം..
സ്വര്‍ഗ്ഗവും നരകവും.. സ്വപ്നങ്ങളില്‍ നമ്മളൊക്കെ നിസ്സഹായരാണ്.. എങ്കില്‍..
ഒരിക്കലും ഉണരാത്ത സ്വപ്നത്തിലോ?

എന്നിട്ടും..
തലച്ചോറിലെ ചില രാസപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നമ്മളൊക്കെ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍..
എന്നാണോ നിങ്ങളൊക്കെ ഇപ്പോളും വിചാരിക്കുന്നത്?

Saturday, November 5, 2016

അതിജീവനത്തിന്‍റെ നിയമം

ഭൂമിയിലെ അവസാനത്തെ മനുഷ്യന്‍.. തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍.. സ്വന്തം നിഴലിന്‍റെ ഹൃദയം മാന്തിയെടുത്തു തിന്നു.!!!

https://twitter.com/swalihbinomar/status/794486515682263041

നിലനില്‍പ്പ്

"ചുട്ടുതിളക്കുന്ന ലാവക്ക് മുകളില്‍ കുറച്ചു മണ്ണുള്ളതുകൊണ്ടു മാത്രം വെന്തുരുകി ചാവാത്ത കുറേ ജീവനുകള്‍. ന്നിട്ടാ കൊല്ലാനും ചാവാനും നടക്കുന്നത്."

https://twitter.com/swalihbinomar/status/794830159425638400

സ്വര്‍ഗ്ഗമാര്‍ഗം

അമ്പലത്തിലേക്കും പള്ളിയിലേക്കും ചര്‍ച്ചിലേക്കും ഇറങ്ങിയ മൂന്നുപേര്‍! ആ വഴിയില്‍.. അവര്‍ ചവിട്ടി കൊന്ന ജീവികളെല്ലാം.. സ്വര്‍ഗത്തില്‍ എത്തി.!

https://twitter.com/swalihbinomar/status/794708336952287232

Friday, November 4, 2016

ഖര്‍ത്തല്‍

പണ്ട് ദൂരദര്‍ശനില്‍ പുരാണസീരിയലൊക്കെ കാണണ സമയത്ത്,
ആ നാരദന്‍റെ കയ്യിലുള്ളത് പിന്നിടാത്ത STAPLER ആണെന്നാര്‍ന്നു ഞാന്‍ ശരിക്കും കരുതീര്‍ന്നത്.!!!

https://twitter.com/swalihbinomar/status/794509124209782784

Thursday, November 3, 2016

അജ്ഞാത ജഡമോ?

അതെങ്ങനെ ഒരാള്‍ അജ്ഞാതനായി?

അയാളാരായിരുന്നുവന്ന്‍ തിരിച്ചറിയാന്‍ ആരും ഇല്ലാത്തതിനാലാണോ?

ഇയാള്‍ ജനിച്ചു വീണപ്പോള്‍ അയാളുടെ മാതാവ് എത്ര ഓമനത്തതോടെ ചുംബിച്ച മുഖമാവാം അത്..
ജീവനു തുല്യം ആ അമ്മയുടെ മനസ്സില്‍ നിറഞ്ഞു നിന്ന ഒരു മുഖം..
അല്ലെങ്കില്‍ ഇയാളെ അവര്‍ വഴിയരികില്‍ ഉപേക്ഷിച്ചതാവുമോ ?
അങ്ങനെയെങ്കില്‍  അയാള്‍ തെരുവില്‍ അനാഥനായി വളര്‍ന്നതായിരിക്കാം..

പഠിച്ച ആളായിരിക്കുമോ?
എങ്കില്‍...എത്ര കഷ്ടപെട്ടായിരിക്കും ഓരോ അക്ഷരങ്ങളും അറിവുകളും സമവാക്യങ്ങളും ഒക്കെ പഠിച്ചെടുത്തിരിക്കുക..

ഇയാളുടെ കൗമാരത്തിന്‍റെ ഏടുകള്‍ എങ്ങനെയായിരിക്കും..?
അന്ന് ചീകി വെച്ച മുടികള്‍..മിനുക്കിയ മുഖം..
തുടുത്തതോ ഒട്ടിയതോ ആയ കവിളുകള്‍ അന്നയാള്‍ക്കുണ്ടായിരുന്നിരിക്കാം...
കാമുകിയോ ഭാര്യയോ അയാള്‍ക്ക്‌ ഉണ്ടായിരിക്കുമോ?
പ്രണയത്തോടെയും ഇഷ്ടത്തോടെയും ചുംബിച്ച ചുണ്ടുകള്‍..
മക്കള്‍? കുടുംബം?

ആത്മാവിലേക്കുള്ള കവാടങ്ങളായ ആ വലിയ കണ്ണുകള്‍...
ഈ നാളത്രയും അയാള്‍ ലോകത്തെ കണ്ട കണ്ണുകള്‍ അടഞ്ഞു കിടക്കുന്നു..അതന്ന് ഒരിക്കല്‍ പേടിയോടെ ഇറുക്കി അടച്ചിരിക്കാം..
സങ്കടങ്ങളെ കരഞ്ഞു തീര്‍ത്തിരിക്കാം..

എത്രയോ വാക്കുകള്‍..
ശബ്ദങ്ങള്‍..സംഗീതങ്ങള്‍...
ബന്ധുക്കളുടെ പരാധികള്‍..
വീട്ടുകാരുടെ പരിഭവങ്ങള്‍..
സ്നേഹിക്കുന്നവരുടെ മൌനം..
എല്ലാം ഒഴിഞ്ഞ ചെവികള്‍..

ഈ കീറി പറിഞ്ഞ വസ്ത്രങ്ങള്‍..വില കൂടിയ വസ്ത്രങ്ങളില്‍ അണിഞ്ഞൊരുങ്ങി ഈ ഭൂമിയിലൂടെ അയാള്‍ എത്രകാലം നടന്നു കാണും?
അതോ ഉടുത്തുണിക്ക് മരുതുണിയില്ലാത്ത സാധു ആയിരിക്കുമോ?

വാച്ചു കെട്ടിയതും വിവാഹമോതിരമിട്ടതുമായ കൈകള്‍..വിരലുകള്‍..
ഈ കാലമത്രയും..ദാ..ഈ വീണുകിടക്കുന്ന വഴി വരെ..
എത്രയോ ദൂരം നടന്ന കാലുകള്‍..

അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു..
അവിടെ നമ്മളറിയാത്ത എണ്ണമറ്റ ഓര്‍മ്മകള്‍ ഉറങ്ങി കിടക്കുന്നു..

ഇയാള്‍ ആരായിരുന്നു?

ഏതു നാട്ടുകാരനായിരുന്നു.?

അറിയില്ല..

അനന്തമായ ചോദ്യങ്ങള്‍ മനസ്സില്‍ കൊളുത്തിട്ടു വലിക്കുന്നു..

ഒന്നിനും ഉത്തരം അറിയില്ല..

എങ്കിലും ഇയാള്‍ അജ്ഞാതനല്ല..

ഇയാളെ ഞാന്‍....ആദം എന്ന് വിളിക്കും..

പേരില്ലാതെ ജനിച്ച മനുഷ്യന് ദൈവം നല്‍കിയ പേര്...

ആദം..


-സ്വാലിഹ് ബിന്‍ ഒമര്‍ 

ഉദയം

നമ്മളിന്നു ഉറക്കമുണര്‍ന്നത് ഒരുപക്ഷെ മറ്റാര്‍ക്കെങ്കിലുംവേണ്ടി മാത്രമായിരിക്കാം ഇനിയൊരസ്തമയം കാണുക എന്നത് പോലും നമ്മുടെ വിദൂരമായ സ്വപ്നമാകാം

https://twitter.com/swalihbinomar/status/793995841048641536

അനന്തം

എത്ര പുഴകള്‍ ഒഴുകിയെത്തിയിട്ടും
ഒരിക്കലും നിറയാത്ത സമുദ്രങ്ങള്‍..
ചിന്തകള്‍..സ്വപ്‌നങ്ങള്‍...ജീവിതങ്ങള്‍...

Wednesday, November 2, 2016

പഴുത്തില

നമ്മളിലോരാള് വീഴുമ്പോ നമ്മള് ചിരിക്കണ പോലെ; പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുമെന്ന് തോന്നുന്നില്ല! കാരണം.. നമ്മളൊക്കെ വെറും മനുഷ്യരല്ലേ.?

https://twitter.com/swalihbinomar/status/793700919774814209

പ്രതീക്ഷകള്‍

അങ്ങനെയല്ല.! പ്രതീക്ഷയാണ് ജീവിതം. ജനിച്ചു പോയ നമ്മളൊക്കെ.. അവസാനമായ മരണത്തെയെങ്കിലും പ്രതീക്ഷിച്ചില്ലേല്‍.. പിന്നെ..'ജീവിതം' എന്ന വാക്കു പോലുമെവിടെ?

യുദ്ധഭൂമി

ആയുധങ്ങളും ഒരുക്കങ്ങളുമില്ലാതെ.. നിസ്സഹായരായി.. പടക്കളത്തിലേക്കിറങ്ങുന്ന പടയാളികള്‍.! നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നത് അങ്ങനെയാണ്... എങ്കിലും നേടണം! നേടിയേ പറ്റൂ..!!

വീതം കിട്ടിയ മണ്ണ്

നേതാക്കളെ സൃഷ്ടിച്ചത് നമ്മളാണ്..സമ്മതിച്ചു.. പക്ഷെ..എങ്കിലും ആരാണ് ഈ ഭൂമിയെ ഇങ്ങനെ ചറ പറാ കണ്ടം വെട്ടി നമുക്കൊക്കെ വീതിച്ചു നല്‍കിയത്..

https://twitter.com/swalihbinomar/status/793651737353531392

Sunday, October 30, 2016

അന്തരം

സ്ത്രീകളും പുരുഷന്മാരും ഈ ഭൂമിയില്‍ വന്നത് ഒരേ ദിവസമാണ്! ..ന്നിട്ടും..
അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരിന്നും സമരം ചെയ്യുന്നു.!
അത്രേയുള്ളൂ..

https://twitter.com/swalihbinomar/status/792548590547718144

ചൂടും തണുപ്പും

പ്രണയത്തിന്‍റെ ചൂടും.. മരണത്തിന്‍റെ തണുപ്പും.. അതെന്താ അങ്ങനെ.?

https://twitter.com/swalihbinomar/status/792530476019789825

Friday, October 28, 2016

നിയമം

അങ്ങനല്ല.. നിനക്കറിയോ? അതിജീവനത്തിന്‍റെ നിയമം ഒന്നേയുള്ളൂ.. അതിപ്പം നടുകടലിലായാലും.. മരുഭൂമിയിലായാലും.. നമ്മുടെയൊക്കെ ദാ ഈ ഹൃദയത്തിലായാലും!

https://twitter.com/swalihbinomar/status/791838007779168256

അസാധ്യം

അങ്ങനെയല്ല.. അസാധ്യമായത് എന്നും 'അസാധ്യം' തന്നെയാണ്.! സാധ്യമായതിനെ അസാധ്യമായി നമ്മള്‍ തെറ്റിധരിച്ചവ ഒഴികേ. നമുക്കാണ് തെറ്റിയത്.. നമ്മളാണ് തെറ്റിച്ചത്..

https://twitter.com/swalihbinomar/status/791876130156314624

ചെറ്റ

"ചെറ്റ"എന്നാല്‍ ചെറ്റ കുടിലില്‍ താമസിക്കുന്നവന്‍ എന്നര്‍ത്ഥം! പണമില്ലാത്തവന്‍റെ നിസ്സംഗതപോലും
പണമുള്ളവന് 'തെറി'യാണ്.!!! തിരിച്ചു വിളിക്കാന്‍ പോലുമാവാത്തത് !!!

https://twitter.com/swalihbinomar/status/781181899695919104

Thursday, October 27, 2016

പ്രായം

ശരിക്കും..
ഈ 'പ്രായപൂര്‍ത്തി'ന്ന്‍ പറഞ്ഞാല്‍ 'മരണം' അല്ലേ? അപ്പോളല്ലേ നമ്മുടെ പ്രായം പൂര്‍ത്തിയാകുന്നത്?

https://twitter.com/swalihbinomar/status/791553348608544768

പക്വത

നമ്മള്‍ പക്വതയുള്ളവരാകുക എന്നാല്‍...
ചില കാര്യങ്ങള്‍ സമര്‍ത്ഥമായി ഒളിച്ചു വെക്കാന്‍ പഠിക്കുക എന്നത് കൂടിയാണ്..അല്ലേ?

https://twitter.com/swalihbinomar/status/791463688515358720

Wednesday, October 26, 2016

വിരഹം

നീല രാവില്‍...വിരിയുമോരോ..
പനിനീര്‍പ്പൂവിനും നിന്‍ വദനം..
തഴുകിയുണര്‍ത്തും തെന്നലിന്‍ കൂടെ
യാത്രയായോ നിന്‍ സുഗന്ധം..

ജലഭാഷ്പങ്ങള്‍ പൊഴിയും രാവതില്‍..
ഉറങ്ങാതെ നീയെന്നും കാത്തിരുന്നു.
തിരികെയെത്തും നിന്‍ സുഗന്ധത്തിന്‍..
കഥകള്‍ കേള്‍കാന്‍ കാത്തിരുന്നു..

പകല്‍ വന്നു സൂര്യന്‍ വാനിലുയര്‍ന്നു..
നിന്‍ ഇതളില്‍ ഓരോ മുത്തുകള്‍ ചാര്‍ത്തി..
പൊന്‍ പ്രഭാതം നിന്‍ മെയ്യോരുക്കി..
ശോഭയിലേകിയ വര്‍ണ്ണങ്ങള്‍ തൂകി..
സന്ധ്യയോ നിന്നെ സുന്ദരിയാക്കി..

എങ്കിലും മലരേ നിന്‍ സുഗന്ധമെവിടേ ..
മറന്നുവോ നിന്നെ ഒരു പാഴ് നിനവായ്‌..
ഇലകള്‍ കൂട്ടിരുന്നും..മുള്ളുകള്‍ കാവലായും..
ദിനരാത്രങ്ങള്‍ കാത്തിരുന്നു..
ഒരു രാവില്‍ പാവം പനിനീര്‍ മലരോ ..
ആരോരുമറിയാതെ മയങ്ങിയും പോയ്‌..

കാറ്റിന്‍ കൂടെ യാത്രയായാ സുഗന്ധം..
ഒരു നാള്‍ വന്നൂ..വിളിച്ചുണര്‍ത്തി..
പനിനീര്‍ പൂവോ...ഇലകള്‍ പൊഴിഞ്ഞു..
മണ്ണില്‍ വീണു..മൂകമായ്...

മിഴിനീര്‍ വാര്‍ത്തു സുഗന്ധവുമൊടുവില്‍..
മണ്ണില്‍ ചേര്‍ന്നൂ മലരിന്‍ ചാരെ..
കാറ്റിനു പറയാന്‍ ഒരു കഥയായ് മാറി...
പനിനീര്‍ മലരും അവള്‍ തന്‍ സുഗന്ധവും..

-സ്വാലിഹ് ബിന്‍ ഒമര്‍- 

കാത്തിരിപ്പ്

അങ്ങനല്ല.. ഒന്ന് വയസ്സായി കിട്ടാനും കൂടെ നമ്മളൊക്കിവിടെത്ര കാലം ജീവിക്കണം.. ഈ ജീവിതംന്ന്‍ പറയുന്നതേ ഒരു കാത്തിരിപ്പാന്നല്ലേ.. കാത്തിരിക്കാം.

https://twitter.com/swalihbinomar/status/791236778862579712

Tuesday, October 25, 2016

ഞാന്‍

എന്റെ ഈ ജീവിതം... ഇനിയൊരിക്കല്‍ കൂടെ.. ആദ്യം തൊട്ട് ജീവിക്കേണ്ടിവരാണേലും.. ഞാനിതേ പൊട്ടത്തരങ്ങളൊക്കെതന്നെ ചെയ്യുള്ളു. അതല്ലേ ഞാന്‍..

https://twitter.com/swalihbinomar/status/790730870114033664

Monday, October 24, 2016

യോഗം

ഒരു സ്വര്‍ണ്ണ നിറമുള്ള തിളങ്ങുന്ന പ്രാണി;
എന്‍റെ ലാപ്പ്‌ടോപ്പ് വെളിച്ചം നോക്കി വന്നതാ;
ഒരുപക്ഷേ അത് ഈ ലോകത്തെ ഇന്നേ വരെ കണ്ടെത്തിയിട്ടില്ലാത്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ജീവി ആവാം;
ഓ..എനിക്കെന്തു പുല്ലാണ്?
ഞാനൊരു തട്ടും തട്ടി പുറത്തേക്കിട്ടിട്ടുണ്ട്.!

https://twitter.com/swalihbinomar/status/790594309716258820

മുന്നോട്ട് തന്നെ

ഒക്കെ ശരിയാവുംന്ന്. അല്ലേല്‍ മ്മക്ക് ശരിയാക്കാന്ന്‍.. ന്നിട്ടും ശരിയായില്ലേല്‍..ന്നാ പിന്നത് പിന്നെ ശരിയായിക്കോളും.😆


https://twitter.com/swalihbinomar/status/790542083891212288

Saturday, October 22, 2016

അവസരം

ജനിക്കുമ്പോള്‍ മതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലന്ന് പറയുന്നവര്‍ക്ക്,താന്‍ പൌരനാകാനുള്ള രാജ്യം തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടികാണുംലേ?

https://twitter.com/swalihbinomar/status/789814369953550337

Friday, October 21, 2016

ഓര്‍മ്മ

വസന്തത്തിലും ആകാശം പൊതിയുന്ന മേഘങ്ങള്‍ പോലെ.. ഇടക്കൊക്കെ പഴയ ചില ഓര്‍മ്മകള്‍ കേറി വരും.. പെയ്തിറങ്ങും.. പിന്നെയും സൂര്യനുദിക്കും. വെയിലാകും.

https://twitter.com/swalihbinomar/status/789308289360158722

നിരാശകള്‍

രണ്ടു തരം നിരാശകളാണ് ജീവിതത്തില്‍ ഉള്ളത്.. ഒന്ന് ആശിക്കുന്നത് കിട്ടാതാവുമ്പോ ഉള്ളതും.. മറ്റൊന്ന് അത് കിട്ടി കഴിഞ്ഞുള്ളതും..

https://twitter.com/swalihbinomar/status/789506542311661569

Thursday, October 20, 2016

ഊളകള്‍

നമുക്കൊക്കെ ആകെ ചെയ്യാന്‍ കഴിയുന്നത്.. നമ്മളായിട്ട് തന്നെ നിലനില്‍ക്കുകാന്നത് മാത്രാണ്... അതിപ്പോ നമ്മളൊക്കെ എത്ര ഊളയാണേലും..

https://twitter.com/swalihbinomar/status/789124125549694976

കഥാപാത്രങ്ങള്‍

എന്‍റെ കഥകളിലെ കഥാപാത്രങ്ങള്‍ പലപ്പോളും അജ്ഞാതരായിരിക്കും അവര്‍ക്ക് പേരോ രൂപമോ ഉണ്ടായിക്കോളണംന്നുല്ല എങ്കിലും എല്ലാം അവരിലൂടെയാണ് കാണേണ്ടത്

https://twitter.com/swalihbinomar/status/789036358413148160

Wednesday, October 19, 2016

ഈ കഥയ്ക്ക് പേരിട്ടിട്ടില്ല..

വാടിയ പൂക്കളുടെയും ചെളിയുടെയും രൂക്ഷഗന്ധം നിറഞ്ഞു നിന്ന ആ ഇടുങ്ങിയ തെരുവിലൂടെ; അയാള്‍ ധ്രിതിയില്‍ നടന്നു...

ഒരു നീണ്ട യാത്രയുടെ ആലസ്യത്തില്‍ അയാളുടെ കണ്ണുകള്‍ പാതി അടഞ്ഞെന്ന പോലെയും ഭാരം കയറ്റിയ കുതിരയെ പോലെ തന്‍റെ ശിരസ്സ് താഴ്ത്തിപ്പിടിച്ചുമായിരുന്നു  അയാള്‍ നടന്നിരുന്നത്..

ഇങ്ങനൊരു സ്ഥലത്ത് യാദ്രശ്ചികമായി എത്തിപ്പെട്ടതല്ല..

സ്വയം തേടി വന്നതാണ്..


ഇവിടത്തെ ഭാഷ പോലും തനിക്കറിയില്ല..


ആദ്യം തന്‍റെ കൈ പിടിച്ചു കൊണ്ട് പോയ സ്ത്രീയുടെ കൂടെ അയാള്‍ ഒരു കുട്ടിയെ പോലെ അനുസരണയോടെ നടന്നു..പോകുന്ന വഴിയിലുടന്നീളം   അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..അയാള്‍ക്ക് ഒന്നും തന്നെ മനസ്സിലായില്ല..


അയാളത് ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല..


അവര്‍ ഏതൊക്കെയോ കെട്ടിടങ്ങള്‍ക്കിടയിലൂടെ കയറിയും ഇറങ്ങിയും പോയി കൊണ്ടിരുന്നു..


അവസാനം ഒരു ഇടവഴി കടന്നു ഒരു ചെറിയ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ട് കഴിഞ്ഞാണ് അവള്‍ അയാളുടെ കൈയ്യില്‍ നിന്നും പിടി വിട്ടത്..


കൂടുതല്‍ എന്തെങ്കിലും അവള്‍ പറയാന്‍ തുടങ്ങും മുന്‍പ് അയാള്‍ തന്‍റെ ബാഗില്‍ നിന്നും കുറേ നോട്ടുകെട്ടുകളെടുത്ത് മേശപ്പുറത്തു വച്ചു..


അത്രയും പണം അവള്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്..എന്തോ അവിശ്വസനീയമായ രീതിയില്‍ അവള്‍ അയാളെയും നോട്ടുകെട്ടുകളിലേക്കും മാറി മാറി നോക്കി..


അയാള്‍ അവളുടെ കൈ പിടിച്ചു ആ കട്ടിലില്‍ ഇരുത്തി..


ഏതോ സ്വപ്നത്തില്‍ ഞെട്ടിയെന്ന പോലെ അവള്‍ പൊടുന്നനെ അവളുടെ വസ്ത്രത്തിന്‍റെ തുമ്പ് അഴിക്കാന്‍ തുടങ്ങി...


ഇത് കണ്ടതും അയാള്‍ അവളെ തടഞ്ഞു..


വേണ്ട എന്ന് തലയാട്ടി..


ഇത്രേം ആയപ്പോളെക്കും അവള്‍ പോലും അറിയാതെ അവളുടെ കണ്ണുകള്‍ നിറയുകയും ചുണ്ടുകള്‍ വിറക്കുകയും ചെയ്തു തുടങ്ങിയിരുന്നു..


അയാള്‍ ആ നോട്ടുകെട്ടുകള്‍ അവളുടെ കയ്യില്‍ കൊടുത്തു..


നിറയെ വളയിട്ട ആ കൈകള്‍ അപ്പോളും വിറക്കുകയായിരുന്നു 


അപ്പോളാണ് അവള്‍ അയാളുടെ ആ കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകള്‍ കാണുന്നത്..


സ്തബ്ധയായ അവളെ നോക്കി അയാള്‍ സംസാരിച്ചു തുടങ്ങി..
ഒന്നും മനസ്സിലായില്ലെങ്കിലും..

അവള്‍ അയാളുടെ കണ്ണില്‍ നോക്കിയെല്ലാം കേട്ടിരുന്നു..


ഒരുപാട് ഒരുപാടു ഭാവങ്ങള്‍ അയാളുടെ മുഖത്ത് മാറി മാറി വന്നു..

ഒടുവില്‍ കരഞ്ഞു തളര്‍ന്നു അയാള്‍ അവളുടെ മടിയില്‍ വീണു തേങ്ങി...


നെറുകയില്‍ തലോടി പരസ്പരം മനസ്സിലാവാത്ത ഭാഷയില്‍ അവളും എന്തൊക്കെയോ പറഞ്ഞും തേങ്ങിയും കൊണ്ടിരുന്നു...


ഉറക്കമെണീറ്റ അയാള്‍ കാണുന്നത് തന്നെ മടിയില്‍ കിടത്തി തേങ്ങുന്ന ആ സ്ത്രീയെയാണ്..


എത്രയോ സമയം അവള്‍ അതേ ഇരുപ്പില്‍ തനിക്ക് കൂട്ടിരുന്നിരിക്കാം..


അയാള്‍ മെല്ലെ തലയുയര്‍ത്തി എണീറ്റിരുന്നു..


ഒന്നും പറയാതെ അയാള്‍ തന്‍റെ ബാഗും എടുത്തു വാതിലിനു നേരെ നടന്നു..


വാതില്‍ തുറക്കാന്‍ കുറ്റിയില്‍ കൈവച്ചു അവളെ തിരിഞ്ഞു നോക്കി..


അവള്‍ അപ്പോളും അതേ ഇരുപ്പില്‍ ഇരുന്നു തേങ്ങുകയായിരുന്നു...


അയാള്‍ അയാളുടെ കയ്യിലെ മോതിരം ഊരി അവളുടെ അടുത്ത് വന്നു..


അതും അവളുടെ മുന്നില്‍ ആ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ വച്ച് തിരിച്ചു പോകാനാഞ്ഞു..


അന്നേരം അവള്‍ അയാളുടെ കയ്യില്‍ പിടിച്ചു നിര്‍ത്തുകയും ആ മോതിരം അയാളുടെ വിരലില്‍ ഇട്ടു കൊടുക്കുകയും..അതില്‍ മൂന്നു വട്ടം ചുംബിക്കുകയും ചെയ്തു..

ജനല്‍ ചില്ലിലൂടെ ഊര്‍ന്നിറങ്ങിയ വെളിച്ചത്തില്‍ അവളുടെ കണ്ണീര്‍ തുള്ളികള്‍  അയാളുടെ കൈകളില്‍ ഒരു മോതിരകല്ലിനെ പോലെ തിളങ്ങി..


പിന്നീട് ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ആ തെരുവിലെ ഇടുങ്ങിയ വഴികളിലൂടെ നടന്നകലുമ്പോള്‍ അയാള്‍ തന്‍റെ ശിരസ്സ് ഉയര്‍ത്തി പിടിച്ചിരുന്നു..

- സ്വാലിഹ് ബിന്‍ ഒമര്‍ -

വിശ്വാസി

'യൂദാസ്' ആയിരിക്കാം യേശുവില്‍ ഏറ്റവുമഗാതമായി വിശ്വസിച്ചവന്‍. ഒരുപക്ഷേ..
അത്രയേറെ വിശ്വാസമര്‍പ്പിച്ചതിനാലാവാം അയാള്‍ മുപ്പതു വെള്ളി കാശിനു ഒറ്റികൊടുത്തതും..

https://twitter.com/swalihbinomar/status/789516691856240640

Tuesday, October 18, 2016

താളുകള്‍

നമ്മളീ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങുന്ന ഈ മണ്ണിനു കീഴെയെത്രയെത്ര ജന്മങ്ങള്‍ വിശ്രമിക്കുന്നുണ്ടാകും..
ഇതേ ഭൂമിയില്‍ ജനിച്ചു മരിച്ചവര്‍..

അവഗണന

ആള്‍കൂട്ടത്തിലായാലും ഒറ്റക്കായാലും നമ്മളെ നിന്ന നില്‍പ്പില്‍ അദൃശ്യമാക്കാനുള്ള കഴിവുണ്ട് ചിലര്‍ക്ക്...

https://twitter.com/swalihbinomar/status/788205480761896960

Sunday, October 16, 2016

മുന്‍വിധി

നമ്മള്‍ നമ്മുടെ ലോകത്തെ കുറിച്ച് ചിന്തിക്കുന്നതെന്താണോ അത് തന്നെയാണ് നമ്മുടെ ലോകം..!!!